Sunday, 17 June 2018

യാത്ര

കുളത്തിൽ നിന്നും അവളെന്റെ നേർക്ക് ഒഴുകി വന്നു. മണ്ണിന്റെ സ്പർശനമേൽക്കാത്ത അവളുടെ കാൽ പാദങ്ങൾ തിളങ്ങുന്ന പോലെ തോന്നി.
അടുത്തടുത്തു വരുംതോറും കാട് നിശബ്ദമായ് ചീവീടുകൾ പോലും മൗനം വരിച്ചു. ഇപ്പോൾ പൂർണ്ണമായും ഇരുട്ട് ഞങ്ങൾക്കിടയിൽ പരന്നു. കല്പടവുകളിലെയ്ക്ക് അവളടുത്തു. നഗ്‌നമായ അവളുടെ ശരീരമിപ്പോൾ എന്റെ തൊട്ടടുത്തെത്തി ഈറൻ ഇറ്റിറ്റു വീഴുന്ന കാർകൂന്തൽ ചുവന്ന ചുണ്ടുകൾ കലങ്ങിയ കണ്ണുകൾ
നെഞ്ചിടിപ്പില്ലാത്ത മാറിടം
കനിവ് പ്രതീക്ഷയിറ്റു വീഴുന്ന നോട്ടം
മുല്ലപ്പൂവിന്റെ ഗന്ധം
ഇതായിരുന്നു അവൾ.
ഞാൻ ശരിക്കും നോക്കി ഇപ്പോഴും അവളുടെ കാലുകൾ ഭൂമിയിൽ തൊട്ടിട്ടില്ല. ഉള്ളിൽ ഒരു ഭയം തോന്നി അവളുടെ കൈകൾ എന്റെ നെഞ്ചിലേക്ക് നീങ്ങി അത്ഭുതത്തോടെ അവൾ എന്റെ നേർക്ക് നോക്കി അപ്പോഴാണ് എന്റെ ഹൃദയവും മിടിയ്ക്കുന്നില്ലെന്ന് മനസ്സിലായത്
എന്റെ കാലുകളുമിപ്പോൾ ഭൂമിയെ തൊടാതെയാണ് നിൽക്കുന്നത് അവളെനിക്ക് നേരെ നീട്ടിയ കൈകളിൽ പിടിച്ചു ഞാനും നടന്നു ജലാശയത്തിന്റെ മുകളിലൂടെ എന്റെ യാത്ര അവിടെ തുടങ്ങി...

Wednesday, 13 June 2018

ഒറ്റ നിമിഷത്തിൽ

എന്ത് കൊണ്ടാണ് നിങ്ങൾ ആണുങ്ങൾ  പ്രണയമില്ലാതെ സമീപിയ്ക്കുന്നത്
അല്ലെങ്കിൽ ഓരോ തവണയും ശരീരത്തിലൂടെ ഒഴുകിയിറങ്ങിയതിനു ശേഷം നിങ്ങളുടെ ഉള്ളിൽ അവശേഷിച്ച പ്രണയം വറ്റി പോകുന്നത്...?
ഓരോ തവണയും അവളെ ഉന്മാദിപ്പിക്കണ്ടേ... മനസ്സുകൊണ്ട് അവളെ പ്രാപ്ത്തയാക്കണ്ടേ...
അവളോട്‌ അനുവാദം ചോദിക്കണ്ടേ...

ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു അപ്പോഴും ശരീരത്തിന് മുകളിൽ കിതച്ചു വീണ മനുഷ്യന്റെ മുടിയിഴകളിൽ അവൾ വിരുകളോടിച്ചു മാറോട് ചേർത്ത് പിടിച്ചിരുന്നു.. 

Monday, 11 June 2018

പ്രണയം

അവളുടെ തലമുടിയിൽ മുഖം അമർത്തി കിടന്നപ്പോൾ അവനിൽ പെയ്ത രാമഴകൾ പ്രണയത്തിന്റേതായിരുന്നില്ല അവളുടെ ചുണ്ടുകളിൽനനവായ് മാറുമ്പോഴും അവനവളെ പ്രണയിച്ചിരുന്നില്ല
ഏതോ രാത്രിയിൽ നഷ്ടങ്ങളുടെ കണക്കുകളെണ്ണിയപ്പോൾ ശൂന്യതയിൽ അവൻ
പ്രണയം കണ്ടെത്തി
അവളപ്പോൾ മറ്റൊരു മുറിയുടെ അലങ്കാരമായി മാറിയിരുന്നു

നിറക്കൂട്ട്

കയ്യിൽകിട്ടിയ നിറങ്ങളെല്ലാം ഒരുമിച്ചാക്കി അവിടിവിടെ എന്തെക്കെയോ വരച്ചിട്ടു

"വികൃതം "

ആത്മാവിനുള്ളിൽ നിന്നുംആരോ  മന്ത്രിച്ചു

ഇന്നലെ അവളെ പിച്ചി ചീന്തുമ്പോഴും അവളിലെ നിറങ്ങളും ഇതുപോലെ വികൃതമായിട്ടുണ്ടാവില്ലേ

വാക്ക് പോരും യുദ്ധവും ഇനി അയാളും അയാളുടെ ഉള്ളിലെ മനുഷ്യനും തമ്മിലാണ്

കാമുകി

കവിയ്ക്കൊരു കാമുകിയെ വേണമായിരുന്നു കവിത എഴുതാൻ
അവളുടെ അഴകളവുകളെ
വാക്കുകളിലേക്ക് ചാലിച്ചെഴുതാൻ
അയാളൊരു കാമുകിയെ തിരഞ്ഞു

ഭാര്യയെ വർണ്ണിച്ചെഴുതാൻ അയാളുടെ കൈകൾ വിറച്ചിരുന്നു
അവൾ തനിക്കു മാത്രം ആസ്വദിക്കപ്പെടേണ്ടവളാണ്..

പങ്കുവെയ്ക്കാനായൊരു കാമുകിയെ തേടി അയാളലഞ്ഞു....

തിരച്ചിൽ

"ചില രാത്രികളിൽ അയാൾ അവളെയോർത്തു
സിഗററ്റുകളെരിച്ചു.
ഇനിയൊരിക്കലും കാണില്ലെന്നുറപ്പുള്ള അവളോട്‌ രാത്രിയുടെ ഏകാന്തതയിലേക്ക് നോക്കി മാപ്പ് പറഞ്ഞു.
പിന്നെ വീണ്ടും ഭാര്യയുടെ ചൂടുപറ്റിയുറങ്ങി...

അവളോ ഓരോ രാത്രിയും വന്ന് പോകുന്ന ആണുങ്ങളിൽ അയാളുണ്ടോയെന്നു തിരഞ്ഞു കൊണ്ടിരുന്നു... "

മൗനം

ആ മൗനം എന്റെ സ്വാതന്ത്ര്യമായിരുന്നു ഇഷ്ടമുള്ളതെല്ലാം എഴുതിച്ചേർക്കാം ഇന്നിപ്പോൾ പകുതി മുറിച്ച മറുപടികളിൽ ഞാനെന്താണ് കൂട്ടി ചേർക്കേണ്ടത്....

ഞാനും നിലാവും

ഒരൊറ്റ പായിൽ അമ്മയോടൊപ്പം ഉറങ്ങാൻ കിടന്നു ഓടിന്റെയിടയിലൂടെ നിലാവ് അവളുടെ കണ്ണുകളിൽ പതിച്ചു ഇല്ല ഞാനുറങ്ങിയില്ല എങ്ങനെ ഉറങ്ങാനാണ് കണ്ണടച്ചാൽ മരിച്ചു കിടന്ന അച്ഛന്റെ മുഖമാണ് അച്ഛൻ മരിച്ചിട്ടും കരയാത്തവളെ കുറ്റം പറയുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖമാണ്
മരവിച്ച അവസ്ഥയിൽ എങ്ങനെയാണ് കരയുന്നത് കള്ള കരച്ചിൽ കരഞ്ഞും ഒച്ചയുണ്ടാക്കിയും സഹതാപം പിടിച്ചെടുക്കാൻ ഈ പതിമൂന്നാം വയസ്സിൽ ഞാനാഗ്രഹിരിക്കുന്നില്ല.. ഇനിയെത്ര വളർന്നാലും എനിക്കങ്ങനെ ആരുടെയും  സഹതാപം വേണ്ട..
എനിക്കിപ്പോ കരച്ചിൽ വരുന്നുണ്ട് ഞാനും നിലാവും മാത്രമുള്ള ഈ സമയത്ത് അച്ഛനെ ഓർത്തെനിക്ക് കരച്ചിൽ വരുന്നുണ്ട്. മരണം നടന്നു പത്തൊമ്പതാമത്തെ ദിവസമാണ് മരവിപ്പ് മാറി ഞാനൊരു മനുഷ്യകുഞ്ഞാകുന്നത്. ഏങ്ങലടിച്ചു കരയണം ഉറക്കെ നിലവിച്ചു അച്ഛന്റെ കാതുകളിൽ തുളഞ്ഞു കേറുന്ന പോലെ കരയണം പക്ഷെ അടുത്ത് അമ്മയുണ്ട് അതിന്റരികിൽ അനിയനുണ്ട് അവരെ കൂടി കരയിക്കാതെ ഒറ്റയ്ക്ക് കരയണം...

പതിയെ പുറത്തേയ്ക്കിറങ്ങി

ആകാശത്ത് നിറയെ നക്ഷത്രങ്ങൾ
ചെറിയകാറ്റ്, നിലാവെളിച്ചം...
ഈ രാത്രി എനിക്കുള്ളതാണ് നെഞ്ചിലെ ഭാരമിറക്കി വെയ്ക്കണം
ഇനിയുമോരോന്നു ഉള്ളിലടക്കിയാൽ ഞാൻ മരിച്ചു പോകും...

കണ്ണുകൾ നിറഞ്ഞൊഴുകി നെഞ്ചിടിപ്പ് കൂടി ശബ്ദമില്ല ഗദ്ഗദങ്ങൾ മാത്രം

ഇനി എന്ത് ചെയ്യും നഷ്ടപെട്ടതൊന്നും തിരിച്ചു കിട്ടില്ല
ഓർത്തിരിക്കാൻ നല്ല നിമിഷങ്ങൾ ഒന്നും തരാതെയാണ് അച്ഛൻ പോയത്.
ഉറങ്ങുമ്പോഴും ഉണരുമ്പോഴും അമ്മയുമായി വഴക്കുണ്ടാക്കുന്നതാണ് ഇന്നോളം കണ്ടു വളർന്നത്.
ഒടുവിൽ ഒരുകുപ്പി വിഷത്തിൽ അച്ഛൻ അമ്മയോടുള്ള എല്ലാവഴക്കും അവസാനിപ്പിച്ചപ്പോൾ എന്നെയോർത്തില്ല അനിയനെ ഓർത്തില്ല.

സ്കൂളിലെ പ്യൂൺ ചേട്ടൻ ക്ലാസ്സിൽ വന്നു എന്റെ പേര് വിളിച്ചു അമ്മാവൻ വന്നിട്ടുണ്ട് കൂടെ വിടണം എന്ന്  ടീച്ചറോട് പറഞ്ഞു അപ്പോഴൊന്നും ഓർത്തില്ല ഇങ്ങനൊരു ഇടിത്തിയാണ് എന്നെ പ്രതീക്ഷിച്ച്‌ ആംബുലൻസിൽ വീട്ടുമുറ്റത്തു വന്നെത്തിയതെന്നു.

എനിക്കൊരു ദിവസം വേണമായിരുന്നു അച്ഛാ അടുത്തിരുത്തി കഥ പറഞ്ഞു തന്നു എന്നേം അമ്മേം അനിയനേം ചേർത്ത് നിർത്തി സ്നേഹത്തോടെ നെറുകിൽ ഉമ്മ തന്നു ചേർത്തിരുത്തുന്ന ഒരു നിമിഷമെങ്കിലും വേണമായിരുന്നു ഇനി എന്ത് ചെയ്യും...

അങ്ങനെ ആലോചിച്ചു ആ നിലാവിൽ നിൽക്കവേ പുറകിൽ നിന്നൊരു വിളി "ഡീ നീയെവിടെന്തു ചെയ്യാ വാ വന്ന് കിടന്നേ "
കണ്ണും മുഖവും തുടച്ചു അമ്മയ്‌ക്കൊപ്പം പിന്നെയും ചേർന്ന് കിടന്നവൾ ഉള്ളിലെ സങ്കടങ്ങളെയെല്ലാം ഒറ്റയ്ക്കാവുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു ഓടിച്ചു വിട്ടു....

കാത്തിരിപ്പ്

ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്...