ഞാനിപ്പോഴും ഇരുട്ടിലെവിടെയോ ഒറ്റയ്ക്ക് നിൽക്കുകയാണ്. തികച്ചും അപരിചിതമായൊരു സ്ഥലത്തു കൂട്ടം തെറ്റിയ പക്ഷിയെ പോലെ നിന്ന് വിറയ്ക്കുകയാണ്.
പെട്ടെന്നൊരു ശബ്ദം എന്റെ കാതുകൾ തുളച്ചു കൊണ്ട് ബോധമനസ്സിലേയ്ക്ക് വഴികാണിച്ചു. അലാറമാണ് നേരം വെളുത്തു ആറു മണിയായിരിക്കുന്നു.അലാറം ഓഫ് ചെയ്തിട്ടു വീണ്ടും കണ്ണടച്ച് കിടന്നു. ഇനിയും എഴുന്നേറ്റില്ലെങ്കിൽ രാവിലത്തെ കാര്യങ്ങളും ഓഫീസിൽ പോകുന്നതുമെല്ലാം സമയം തെറ്റുമെന്നു പൂർണ്ണ ബോധമുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ പിന്നെയും കിടന്നത് കണ്ടു കൊണ്ടിരുന്ന സ്വപ്നത്തിന്റെ ബാക്കി കാണാമെന്നോർത്താണ്. പക്ഷെ എത്ര പണിപെട്ടിട്ടും മനസ്സ് ഏകാഗ്രമാക്കാൻ കഴിയുനില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം കളഞ്ഞതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇനിയാ സ്വപ്നത്തിലേക്ക് ഒരു തിരിച്ചുപോക്കില്ല ഒരു പക്ഷെ അതവിടെ അവസാനിച്ചിരിക്കാം എന്ത് തന്നെയായാലും പകുതി ഓർമ്മകൾ നശിച്ചിരിക്കുന്നു അതിന്റെ അവ്യക്തമായ ഓർമ്മയിൽ ശേഷിക്കുന്ന ചിലതൊക്കെ വീണ്ടും വീണ്ടും മനസ്സിലിട്ടു ഓർത്തു ഞാൻ ഓരോ ജോലിയും യാന്ത്രികമായി ചെയ്തു തീർത്തെന്നു വരുത്തി.
മനസ്സ് പോലെ തന്നെ മുഖവും മൂടിക്കെട്ടി.എന്തോ ഒരു നഷ്ടബോധം അല്ലെങ്കിൽ ഭയം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്തു തുടങ്ങി സന്തുഷ്ടയായൊരു ഭാര്യയും അമ്മയുമാണ് ഞാൻ എന്തിനാണ് അനാവശ്യ ചിന്തകളിൽ അടിമപ്പെട്ടു വീട്ടിലുള്ളവരുടെയും സന്തോഷം കളയുന്നു. അതും ഈ ടെൻഷൻ നിസ്സാരമായൊരു സ്വപ്നത്തിന്റെ ഹാങ്ങ് ഓവറിലാണെന്നു ഓഫീസിലെ ആരെങ്കിലും അറിഞ്ഞാൽ തന്റെ ടഫ് നേച്ചനെ അത് ബാധിക്കും.
ഓരോന്ന് തന്നെ പറഞ്ഞു പറഞ്ഞു ഞാൻ എന്നെ തന്നെ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല.ഇന്നിനി ഓഫീസിൽ പോയാലും ശരിയാവില്ല കുറച്ചു ഏകാന്തതയും വിശ്രമവും ആവശ്യമായതിനാൽ ലീവെടുക്കാമെന്നു ഉറപ്പിച്ചു.
ജോലിയൊക്കെ എളുപ്പം തീർത്തു ഭർത്താവിനെയും മക്കളെയും പറഞ്ഞയച്ചു ഞാനെന്റെ ലോകത്തേയ്ക്ക് പതിയെ നടന്നു.ഒന്ന് മയങ്ങാൻ കിടന്നെങ്കിലും അസ്വസ്ഥമാണ് മനസ്സ് ഉറങ്ങുക എന്നതിലുപരി അറ്റു പോയ സ്വപ്നത്തിന്റെ ബാക്കി തേടി മാഞ്ഞു പോയവ ഓർത്തെടുക്കാനുമായിരുന്നു ആ മയക്കം. പക്ഷെ പിന്നീട് ഒന്നും തന്നെ അതുമായി ബന്ധപെട്ടു മനസ്സിൽ വരുന്നില്ല കുറെ ഭീതിയല്ലാതെ..
ഈ ഭ്രാന്തൊക്കെ പറയാനും മനസ്സിന്റെ അകാരണമായ ഭാരം ഇറക്കി വെയ്ക്കാനും ഞാനെന്റെ ഡയറിയെടുത്തു എന്നിട്ട് തലേന്ന് കണ്ട സ്വപ്നത്തിന്റെ ഓർമ്മയുള്ളതൊക്കെ ആവ്യക്തതയോടെ തന്നെ എഴുതാൻ തുടങ്ങി.പിന്നീട് എപ്പോഴെങ്കിലും ആ സ്വപ്നം വീണ്ടും കണ്ടാൽ ഇത് വെച്ചു കൂട്ടി വായിക്കാനാകും എന്ന ഉദ്ദേശത്തോടെ ഞാൻ എഴുതാൻ തുടങ്ങി.
ആരോ ഒരാൾ എനിക്ക് ഒരു കഥ പറഞ്ഞു തരികയാണ് എത്ര ഓർത്തിട്ടും മുഖം വ്യക്തമല്ല എഴുതി കൊടുക്കുക എന്നല്ലാതെ മറ്റൊരു സംഭാവനയും ഞാനാ കഥയിലേക്ക് ചെയ്യുന്നില്ല.പലതവണ എഴുതി തുടങ്ങി പൂർത്തിയാകാതെ മാറ്റിവെച്ച കഥയാണ് അതെന്നു അയാൾ പറയുന്നുണ്ടായിരുന്നു പരിചിതമല്ലാത്ത ഒരു ശബ്ദമായിരുന്നു അയാളുടേത് പേരും നാളുമൊന്നും ഓർമ്മയില്ല ഇനി അത് ചോദിച്ചിരുന്നോ എന്നും ഉറപ്പില്ല.
ഒരു സ്ത്രീയുടെ കഥയാണത്രെ. അയാൾക്ക് വേണ്ടപെട്ടതും എനിക്കൊട്ടും അറിവില്ലാത്തതുമായ ഒരു സ്ത്രീയെക്കുറിച്ചു എന്തെക്കെയോ കഥപറയുന്നു അയാൾ. ഞാൻ അദ്ദേഹത്തിന്റെ ഇച്ഛയ്ക്കൊത്തു കഥയിൽ വരികൾ ചേർക്കുകയും തിരുത്തുകയും ചെയ്യുന്നു.. പക്ഷെ ഈ ലോകത്തിന്റെ തിരക്കുകളിൽ എനിക്ക് അദ്ദേഹത്തിന് വേണ്ടി മുഴുവനായും എന്റെ സാന്നിധ്യം നൽകാനാവുന്നില്ല. ക്ഷമകെട്ടങ്കിലും എനിക്ക് വേണ്ടി കാത്തിരിക്കുന്ന അയാളെ എനിക്ക് കാണാം. ഇവിടിരുന്നു ഇത് പൂർത്തിയാക്കാൻ ആവില്ലെന്ന് ഞങ്ങൾക്ക് പൂർണ്ണമായും ബോധ്യമായതിനാൽ ദൂരെ ഒരു കാട്ടിലേക്ക് അയാളെന്നെ കൊണ്ട് പോകുന്നു ഒരു പാവയെ പോലെ ഒരക്ഷരം പോലും മിണ്ടാതെ തികച്ചും നിർവികാരായി ഞാൻ അയാളെ അനുഗമിക്കുന്നു. വഴി നീളെ അവളെക്കുറിച്ചുള്ള കഥകൾ പറയുന്നു.ഇതെഴുതി തീർക്കാനായില്ലെങ്കിൽ എന്തോ വലിയ ദുരന്തം സംഭവിക്കുമെന്നോണമാണ് അയാളുടെ വാക്കുകളിലും പ്രവർത്തിയിലും നിഴലിച്ചത്.
ഞാനിപ്പോൾ കാടിന് ഉൾഭാഗത് ഒരു തകർന്ന ക്ഷേത്രത്തിനു അടുത്താണ് അദ്ദേഹമെന്നെ അകത്തേയ്ക്ക് കൊണ്ട് പോയി അവിടൊരു വലിയ ശിലാ വിഗ്രഹം ഉണ്ടായിരുന്നു കരിയിലയും കാട്ടുവള്ളിയും പൊതിഞ്ഞ ആ ശില ഒരു ദേവീ വിഗ്രഹമാണ്.
തണുത്തകാറ്റും ഇരുളും നിറഞ്ഞ ആ ക്ഷേത്രത്തിനകത്ത് നിന്നും ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും ഇത് വരെ കൂടെ ഉണ്ടായിരുന്ന ആളെ കാണുന്നില്ല. ഉറക്കെവിളിച്ചു കരയാൻ പോലുമാവുന്നില്ല വന്ന വഴിയോ പോകേണ്ട വഴിയോ നിശ്ചയമില്ല ഇനിയെന്ത് ചെയ്യും. പകച്ചു നിന്ന എന്നെ നോക്കി ആ ശില സംസാരിച്ചു കൂടുതൽ കൂടുതൽ ആശ്ചര്യപെട്ടു തളർന്നു കഴിഞ്ഞിരുന്നു ഞാൻ.. തിരികെ പോകണമെന്ന് പറഞ്ഞു കരഞ്ഞെങ്കിലും കഥയെഴുതാൻ വന്നിട്ട് എഴുതാതെ പോകരുത് അതെഴുതു എന്നവർ എന്നോട് ആവശ്യപെട്ടു ആ തന്റെ അരികിൽ ഇരുന്നുകൊണ്ട് എഴുതിക്കോളാൻ ആ രൂപം പറഞ്ഞു പക്ഷെ എന്തെഴുതും.. മനസ്സ് ശൂന്യമാണ് ഇത് വരെ പറഞ്ഞു തന്നത് പകർത്തി എന്നല്ലാതെ എനിക്ക് ഈ കഥ അറിയില്ല..പെട്ടെന്ന് ശില എഴുതി നിർത്തിയിടത്തു നിന്നും കഥ പറഞ്ഞു തുടങ്ങി വീണ്ടുമൊരു യന്ത്രം പോലെ ഞാൻ എഴുത്ത് തുടരുന്നു.. കഥയുടെ അവസാനം ആ സ്ത്രീ ശിലയായി മാറുന്നു എന്നെഴുതി അവസാനിപ്പിച്ചു.
എന്തോ ഒരു വലിയ ഭാരം ഒഴിഞ്ഞു പോയ പോലെ എനിക്ക് തോന്നി എത്രയും പെട്ടെന്ന് എന്റെ ജീവിതത്തിലേയ്ക്ക് മടങ്ങിവരാം അതിനെന്നേ ഇവർ സഹായിക്കും. ഒരു കൊച്ചു കുട്ടിയെ പോലെന്റെ മനസ്സ് തുള്ളിച്ചാടി.
പക്ഷെ എനിക്ക് അനങ്ങാനാവുന്നില്ല. എന്റെ ശരീരത്തിൽ കാട്ടുവള്ളികളും കരിയിലയും പുണരാൻ തുടങ്ങി ഞാനെത്ര ഉറക്കെ നിലവിളിച്ചിട്ടും ശബ്ദം വരുന്നില്ല. ഇത് വരെ എന്നോട് സംസാരിച്ചുന്ന ശിലാരൂപം ഇപ്പോൾ മൂകയായിരിക്കുന്നു.അവർക്കരികിൽ അവരെപ്പോലെ ഞാനും മറ്റൊരു ശിലാരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇതിനപ്പുറം എഴുതാൻ എനിക്കാവില്ല ഭയമെന്നെ കാട്ടുവള്ളികൾ പോലെ വരിഞ്ഞു മുറുകി കഴിഞ്ഞിരിക്കുന്നു...