അവിടെ പറയാത്തത്......
.
Monday, 31 January 2022
കാത്തിരിപ്പ്
Wednesday, 14 July 2021
ഒരിടം ❤
Saturday, 17 April 2021
No strings attached
Wednesday, 24 June 2020
കൂട്
കൂട് നഷ്ടപ്പെട്ടാൽ കുറേകാലം അലഞ്ഞു തിരിഞ്ഞു നടക്കും പിന്നെ ഇടിയോ മിന്നലോ ഏറ്റു ചാവും അതുമല്ലെങ്കിൽ കെണിയിൽ പെടും എന്ത് തന്നെയായാലും മരണം സുനിശ്ചിതമാണ്. മറ്റൊരു കൂട് കണ്ടെത്തുന്നത് എളുപ്പമാണ് പക്ഷെ മാറ്റം ഉൾകൊള്ളാൻ സാധിക്കാത്ത മനസ്സുള്ളവർ ഒറ്റക്കാവുന്നത് തന്നെയാണ് നല്ലത് ഇനിയൊന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ കൂടും ഭാരമാകും.
എനിക്ക് വളരെ കുറച്ച് പേരെ മാത്രേ സ്നേഹിക്കാൻ പറ്റു വളരെ കുറച്ചെന്നാൽ ഒരു വിരലിൽ എണ്ണാവുന്നത്ര. പുതിയതായ് വരുന്നവരെ സ്നേഹിക്കാനോ നഷ്ടപ്പെട്ടവരെ വെറുക്കാനോ മറക്കാനോ സാധിക്കാത്ത വിധമാണ് ദൈവം സൃഷ്ടിച്ചത്.അത്കൊണ്ട് തന്നെ പുതിയ ആശ്വാസങ്ങൾ തേടിപോകാറില്ല. ഒരേ ആകാശത്തിന്റെ കീഴെ വട്ടമിട്ടു പറന്ന് ശീലമായി പോയ് എനിക്കെന്നെ മാറ്റാൻ സാധിക്കില്ല മാറ്റം മരണം തന്നെയാണ്. തൂവലുകൾ ഉറുമ്പരിച്ചും അല്പം മാത്രമുള്ള മാംസം പട്ടിയോ പൂച്ചയോ തിന്നും ബാക്കിവരുന്നതെല്ലാം പുഴുക്കളുടെ വിശപ്പകറ്റിയും ഞാനും മോക്ഷം തേടും. പക്ഷെ അപ്പോഴേക്കും എനിക്ക് നഷ്ടപെട്ട കൂട്ടിൽ പുതിയ കിളികൾ സ്ഥാനം പിടിച്ചിരിക്കും അവർ ചിരിച്ചും കളിച്ചും അന്നത്തെ തീറ്റ പങ്കിട്ടെടുക്കുന്നുണ്ടാവും.
Thursday, 28 November 2019
പ്രധാന പ്രതി ഒളിവിലാണ്
വീട് നിറയെ ആൾക്കാരാണ് പലരും പലമൂലയ്ക്കിരുന്നു താടിക്ക് കൈകൊടുത്തു അപലപിക്കുന്നുണ്ട്. ചർച്ചകൾ കൊടുംപിരി കൊള്ളുന്നൊരു മുറിയിലേക്ക് അബദ്ധത്തിൽ ചെന്ന് കേറി അവിടെയും ഞാനാണ് പ്രതി കഷ്ടപ്പെട്ട് വളർത്തിയ അമ്മയെയും സഹോദരനെയും ചതിച്ചും പൊന്ന് പോലൊരു ചെറുക്കന്റെ ജീവിതം നശിപ്പിച്ചും കടന്ന് കളഞ്ഞവൾ... അപൂർവം ചില സുഹൃത്തുക്കൾക്കിടയിൽ മാത്രമാണ് എനിക്കൊരു നല്ല ഇമേജ് കിട്ടുന്നത് എന്നാലും അവരവസാനം ഞാനെടുത്ത തീരുമാനത്തെ കുറ്റപ്പെടുത്തി തന്നെയാണ് അവസാനിപ്പിക്കുന്നതും. ജീവിതത്തിൽ ഇന്ന് വരെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരോട് പോലും എന്റെ കാര്യത്തെപറ്റി പറയുന്നത് കേട്ട് ശരിക്കും ഒരുപാട് ചിരിച്ചു. ചില നാട്ടുകാർ എന്റെ മാറിയ വസ്ത്രധാരണം കണ്ടപ്പോഴേ ഊഹിച്ചിരുന്നത്രെ എന്റെ പോക്ക് ശരിയല്ലെന്ന്. ഒരുപാട് സംസാരിക്കുന്നത് കണ്ടിട്ട് പലർക്കും തോന്നിയിരുന്നു ഒന്നാതരം പിഴയാണെന്ന്. എതിർത്തു സംസാരിക്കുകയും സ്വന്തമായ് തീരുമാനമെടുക്കുകയും ചെയ്ത് തുടങ്ങിയപ്പോൾ മുതൽ കാർന്നോമ്മാരുടെ ശാപവും ഏറ്റുവാങ്ങിയതല്ലേ പിന്നെങ്ങനെ ഞാൻ നന്നാവും. അമ്മയോട് മാത്രമാണ് തെറ്റ് ചെയ്‌തെന്ന് തോന്നുന്നുള്ളൂ പക്ഷെ അവരുടെ എടുത്തുചാടിയുള്ള വിവേക മില്ലാത്ത പെരുമാറ്റം കൊണ്ട് തന്നെയാണ് എനിക്കീ ഗതി വന്നതും കുറ്റപ്പെടുത്താൻ അവകാശമില്ലെങ്കിലും സങ്കടം പറയാല്ലോ. കൂടെപ്പിറപ്പും കൂട്ടുകാരും സ്വന്തം ജീവിതത്തിൽ മുഴുകുമ്പോൾ എളുപ്പം മറക്കും. താലി തന്നതൊരു ഔദാര്യമായി കണ്ടവനിതൊരു ലോട്ടറിയാണ് യാതൊരു ചിലവുമില്ലാതെ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
എനിക്കെന്നെ നഷ്ടപ്പെടാൻ കാരണമായവർ ഒരുപാടുണ്ട്
ചിലർക്ക് പൂക്കൾ നുള്ളിയെറിയാൻ മാത്രമേ കഴിയൂ ഒരു ചെടി നട്ടു നനച്ചു കാത്തിരുന്നു മൊട്ടിടുന്നതും പൂവിടുന്നതും ഒടുവിലത് കൊഴിഞ്ഞു മണ്ണടിയുമ്പോൾ മുഖത്തെ പുഞ്ചിരി മായുന്നതും അടുത്ത മൊട്ടിനായി കാത്തിരിക്കാനും കഴിയുന്നവരാകാണാമെങ്കിൽ കാത്തിരുന്നു പ്രതീക്ഷിച്ചും ജനിച്ചവരാകണം അല്ലാതെ അബദ്ധം പറ്റിയുണ്ടായാൽ പോരാ.
എന്നും തോറ്റു പോയവളുടെ എടുത്ത തീരുമാനങ്ങളിൽ കാലിടറി പോയവളുടെ അപമാനവും ആട്ടും തുപ്പും സഹിച്ചു അഭിമാനം നഷ്ടപ്പെട്ടവളുടെ പ്രിയപ്പെട്ട തെറ്റായിരുന്നു ഈ ആത്മഹത്യാ, തന്റെ മാത്രം ശരിയിൽ ഉറച്ചു നിന്ന് കൊണ്ട് ജീവിക്കാനുള്ള ഒരുപാട് മോഹങ്ങളെ ബലി കഴിച്ചു കൊണ്ട് ഈ നശിച്ച ജന്മത്തിൽ നിന്നും രക്ഷപെട്ടവൾ. ചിലരൊക്കെ ആശ്വസിക്കുന്നത് പോലെ ഞാനല്ല യഥാർത്ഥത്തിൽ പ്രതി യഥാർത്ഥ പ്രതി ഇപ്പോഴും ഒളിവിലാണ്.
Tuesday, 4 June 2019
ആർക്കാണ് കുഴപ്പം
ഇരുപത് വയസ്സിന്റെ അപക്വമായ മോഹങ്ങളുമായി ഇരുപത്തേഴുകാരന്റെ ജീവിതത്തിലേക്ക് വലതു കാലെടുത്ത് വെച്ചിട്ടിന്നു ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇരുപത്തേഴും മുപ്പത്തിനാലും വയസ്സായെന്നതൊഴിച്ചാൽ ഭാര്യ ഭർത്താവ് എന്നീ തലങ്ങളിൽ നിന്നും യാതൊരു ഉയർച്ചയും ഞങ്ങൾക്കുണ്ടായിട്ടില്ല. ഒരു കുഞ്ഞെന്ന സ്വപ്നം സ്വപ്നങ്ങളിൽ നിന്ന് പോലും അന്യമായികൊണ്ടിരുന്നു ഏഴു വർഷങ്ങളിൽ അഞ്ചു കൊല്ലവും ചികിത്സയും വഴിപാടുകളുമായ് പോയ് ഇപ്പൊ ഞങ്ങൾ കുഞ്ഞിനെ കുറിച്ച് ചിന്തിക്കാറില്ല നടക്കില്ല എന്നൊരു തോന്നൽ വന്നത് കൊണ്ടാവും. മനുവേട്ടൻ ഒരുപാട് വിഷമിക്കുന്നുണ്ട് പുറത്ത് കാണിച്ചില്ലെങ്കിലും എനിക്കതറിയാം കൂടെ കല്യാണം കഴിഞ്ഞോർക്കൊക്കെ കുട്ടികളായി ആ മക്കളൊക്കെ സ്കൂളിൽ പോയ് തുടങ്ങി അനിയന്മാർക്ക്കും അനിയത്തിമാർക്കുമെല്ലാം കുട്ടികളായി... ഏഴ് വർഷം ഒരുമിച്ചു ജീവിച്ചു എന്നല്ലാതെ നല്ലൊരു നിമിഷം പോലും ജീവിതത്തിലെനിക്ക് കൊടുക്കാനായിട്ടില്ല.... ഓരോന്ന് ആലോചിച്ചു നേരം പോയതറിഞ്ഞില്ല ഇന്ന് നേരത്തെ ചെല്ലണമെന്ന് മാനേജർ പറഞ്ഞതാണ് വൈകും ഉറപ്പായി. മനുവേട്ടൻ പോയി കഴിഞ്ഞേ ഇങ്ങനൊക്കെ ഓർത്തു സങ്കടപ്പെട്ട് ഇരിക്കാൻ പറ്റൂ അല്ലാത്തപ്പോ എന്തെങ്കിലും വട്ടൊക്കെ കാണിച്ച് ആ മനുഷ്യനെ സന്തോഷിപ്പിക്കാൻ നോക്കും ഒട്ടും താല്പര്യമില്ലാത്ത ചിരികളാണ് തിരിച്ചു ലഭിക്കുന്നതെങ്കിലും എന്റെ ഉള്ളിലെ തേങ്ങലുകൾക്ക് അല്പെങ്കിലുമത് ആശ്വാസം പകരുന്നുണ്ട്. ഇന്നത്തെ ദിവസം മനുവേട്ടൻ മറന്നിരിക്കുന്നു ഒന്നോ രണ്ടോ കൊല്ലമൊക്കെ വിവാഹ വാർഷികം ആഘോഷിച്ചിരുന്നു പിന്നെ പിന്നെ ഞങ്ങൾക്കിടയിലെ ശൂന്യത കൂടുതൽ വ്യക്തമായി തെളിഞ്ഞു വന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങളും അവരറിയായതെ പറയുന്ന കുത്തുവാക്കുകളും കൂടിയപ്പോൾ മനഃപൂർവം നിർത്തിയതാണ് ആ ചടങ്ങ്.
പോകാൻ റെഡിയായി വണ്ടിയെടുത്തപ്പോഴാണ് മെൻസസ് ഡേറ്റ് അടുത്തിരിക്കുന്ന കാര്യം ഓർത്തത് ഈ സമയം ടൂ വീലർ യാത്ര ഒഴുവാക്കിയേക്കാം നേരിയ സാധ്യത ഉണ്ടെങ്കിലോ... ഇന്ന് ബസ്സിലാവാം യാത്ര.
ഒരുങ്ങിക്കെട്ടി ബസ്റ്റോപ്പിലേക്ക് നടന്നു വഴിയിൽ നിന്നും മിനിചേച്ചിയും കൂട്ടുകാരിയേയും ഒപ്പം നടക്കാൻ കൂട്ട് കിട്ടി. ചേച്ചി എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു അപ്പോഴണ് എന്റെ വണ്ടിയെന്ത്യേ എന്ന് ചേച്ചി ഓർത്തതും ചോദിച്ചതും എന്താ ആശേ ബസ്സിൽ വിശേഷം വല്ലതും ആയോ അതോ വണ്ടിക്കെന്തങ്കിലും തകരാറോ മറ്റൊ...
ഒന്നുമില്ല ചേച്ചി ഇന്നിങ്ങനെ പോകണം എന്ന് തോന്നി വന്നു അത്രേയുള്ളൂ.
മിനിചേച്ചിയുടെ കൂട്ടുകാരി ഞാൻ കേൾക്കാത്തവണ്ണം എന്തൊക്കെയോ ചേച്ചിയോട് ചോദിച്ചറിയുന്നുണ്ടായിരുന്നു.
"ആർക്കാ കുഴപ്പം "
പെട്ടെന്നായിരുന്നു അവരുടെ ചോദ്യം ഒരു പരിചയം പോലുമില്ലാത്ത ആ സ്ത്രീ ആദ്യമായെന്നോട് ചോദിച്ചതാ ആർക്കാ കുഴപ്പമെന്ന്
"കുഴപ്പം നാട്ടുകാർക്കാണ് ചേച്ചി "
ഞാനത് പറഞ്ഞതും രണ്ടാളുടേം മുഖമെന്തോ പോലെയായി ബസ് സ്റ്റോപ്പെത്തുന്നവരെ വേറൊന്നും അവരെന്നോട് ചോദിച്ചില്ല.
പിന്നെ ബസ്സിൽ കേറിപ്പോ അവരെന്റെ അടുത്ത് വന്നു നിന്ന് എന്നിട്ട് ഒരു ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു അവിടെ പോയ് തൊട്ടില് കെട്ടിയ എളുപ്പം കുഞ്ഞുണ്ടാവുമെന്നു . ഞാൻ കെട്ടിപോന്ന തൊട്ടിലുകളാണ് അവിടെ ഏറെയുമെന്നു പറയണം എന്നുണ്ടായിരുന്നു പക്ഷെ മിണ്ടാതെ ചിരിച്ചു നിന്നതേയുള്ളൂ.
ബസ്സിറങ്ങി ഓഫീസിൽ നടന്നെത്തിയപ്പോഴേക്കും 9.20 ആയിരുന്നു. പഞ്ചിങ് കഴിഞ്ഞു ക്യാബിനിലേക്ക് പോയ എന്നെ മാനേജർ വിളിപ്പിച്ചു "മാഡം നേരത്തെ വരണം എന്നിന്നലെ ഞാൻ പറഞ്ഞിരുന്നു എന്നിട്ടെന്താ ഇത്രയും നേരത്തേയായത് "
പരിഹാസത്തോടെ അയാളെന്നെ കുറെ വഴക്ക് പറഞ്ഞു മിണ്ടാതിരിക്കാൻ അഭിമാനമനുവദിച്ചില്ല.
സർ 9.30 മുതൽ 5.30 വരെയാണ് എന്റെ ജോലി സമയം എനിക്ക് കിട്ടിയ ജോയ്‌നിങ് ലെറ്റെറിൽ അത് വ്യക്തമായി ഉണ്ട് എന്നിട്ടും ഞാനിവിടുന്നു 6 മണിക്ക് ശേഷമാണ് വൈകീട്ട് ഇറങ്ങാറുള്ളത് രാവിലെ മിക്കപ്പോഴും 9 മണിക്കും എത്താറുണ്ട് മറ്റാരും അങ്ങനെ വരുന്നതായോ അവരെ വരുത്തുന്നതായോ കണ്ടിട്ടില്ല എന്നോടു മാത്രമാണ് ഇങ്ങനെ ഈ ജോലി പോയാൽ പോകട്ടെ എന്നങ്ങു വെക്കും.
ശബ്ദം കൂടി പോയത് കൊണ്ടാണോ എന്നറിയില്ല അയാൾ കുറച്ചു നേരം മുഖത്തു കടുപ്പിച്ചു നോക്കി നിന്നു എന്നിട്ട് പറഞ്ഞു മറ്റു സ്ത്രീ ജീവനക്കാർക്കൊക്കെ കുട്ടികളും ഉത്തരവാദിത്തങ്ങളും ഉണ്ട് എനിക്കതില്ലല്ലോ എന്ന്..
എന്റെ വ്യക്തി ജീവിതത്തിലെ കുറവുകളെ ചൂണ്ടി മാനസികമായി വിഷമിപ്പിക്കുന്ന ആ സ്ഥാപനത്തിൽ ഇനി തുടരേണ്ട എന്ന് തീരുമാനിക്കാൻ അധികം സമയം വേണ്ടി വന്നില്ല.
രണ്ട് മൂന്നു ദിവസങ്ങൾ വീട്ടിൽ ചടച്ചിരുന്നു. പിന്നെ അറിയുന്ന പലരോടും ജോലി അന്വേഷിച്ചു. ജോലി അന്വേഷിച്ചു നടന്നപ്പോഴാണ് ശരിക്കും ആ ജോലി കളയേണ്ടി ഇരുന്നില്ല ഒളിച്ചോട്ടമായിപ്പോയി എന്നൊക്കെ തോന്നിത്തുടങ്ങിയത്.
മറ്റൊരു ജോലിയുടെ ഇന്റർവ്യൂ സമയത്തു വീട്ടിലാരൊക്കെ ഉണ്ട് കല്യാണം കഴിഞ്ഞു എത്ര വർഷമായി എന്നൊക്കെ സംസാരിക്കവെ അവരെന്നോട് പറഞ്ഞു 99% ഞങ്ങൾ ഓക്കേയാണ് പക്ഷെ നിങ്ങൾ ഒരു കുട്ടിയെ കാത്തിരിക്കുകയാണ് പെട്ടന്ന് പ്രെഗ്നന്റ് എങ്ങാനും ആയാൽ ജോലി നിർത്തി നിങ്ങൾ വീട്ടിൽ ഇരിക്കും ഞങ്ങൾ ട്രെയിനിങ് നൽകി ജോലിക്ക് കേറ്റിയവർ പെട്ടന്നങ്ങനെ പോകുമ്പോ പ്രാക്ടിക്കലി ഞങ്ങൾക്കൊരുപാട് ബുദ്ധിമുട്ട് വരും.
"ഇല്ല സർ ഞാൻ പ്രസവിക്കുന്നില്ല "
അവര് പറയുന്നതിനിടയിൽ കേറി ഞാനത് പറഞ്ഞപ്പോ അവിടുള്ളവരൊക്കെ അത്ഭുതത്തോടെ എന്നെ നോക്കുന്ന പോലെ തോന്നി.
അവിടന്നിറങ്ങി നടക്കുമ്പോൾ രാവിലെ നോക്കിയ നെഗറ്റീവ് റിസൾറ്റുള്ള പ്രെഗൻസി കാർഡ് വഴിയിലെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു ഞാനെന്റെ മനസിനോട് പറഞ്ഞു
"ഞാനിനി പ്രസവിക്കുന്നില്ല "
ശീലമായ ഉപദേശങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും ചോദ്യങ്ങളേയും നേരിടാൻ എനിക്കിപ്പോൾ ധൈര്യമുണ്ട് നാട്ടുകാരുടെ വായടപ്പിക്കാൻ മാത്രമായ് പ്രസവിക്കാൻ എനിക്ക് സൗകര്യമില്ല. അമ്മയാവുക എന്ന ഭാഗ്യം എന്ന് വന്നു ചേരുന്നുവോ അന്ന് വരട്ടെ ചുറ്റുമുള്ളവരുടെ ചോദ്യങ്ങളെയോർത്ത് ഭയപ്പെട്ട് ജീവിക്കാൻ സങ്കടപ്പെട്ടിരിക്കാൻ എനിക്ക് സൗകര്യമില്ല.....
Tuesday, 19 February 2019
ഒറ്റ
"വീട്ടിലാരൊക്കെയുണ്ട്"
പലപ്പോഴും പകച്ചു പോകുന്ന, പറയാനാരുമില്ലാത്തവരുടെ ഉള്ളിൽ ആയിരം കത്തി കുത്തിയിറക്കുന്ന ചോദ്യം.ആരുമില്ല എന്ന് പറയുമ്പോൾ അപ്പൊൾ അച്ഛനും അമ്മയും എന്നൊക്കെ വിശദീകരിച്ചു ചോദിക്കുന്നവരുടെ മുന്നിലാണ് ചിലപ്പോൾ പതറിപോകുക. പിന്നെ സഹതാപം പറച്ചിൽ ഒരു മനുഷ്യൻ എത്ര വട്ടം മരിക്കുന്നു എന്നറിയോ അതൊക്കെ പിന്നെയും ഏറ്റു പറയുമ്പോൾ...എത്രയൊക്കെ കള്ളം പറഞ്ഞു ഒഴിഞ്ഞു മാറിയാലും രാത്രിയിൽ ഞാനും മനസ്സും ഒറ്റയ്ക്കാകുമ്പോ ആ സത്യങ്ങൾ എനിക്ക് മുന്നിൽ ഒരു സിനിമ പോലെ തെളിഞ്ഞു വരും. ഉത്തരത്തിൽ ആടി നിൽക്കുന്ന അമ്മയും അച്ഛനും അമ്മേന്നു വിളിച്ചു കരഞ്ഞപ്പോൾ ഓടിക്കൂടിയ നാട്ടുകാർ... എട്ടാം വയസ്സിലെ മുറിവ്. ആരും ഇല്ലാത്തവനായി മാറുമ്പോൾ ചില ദിവസങ്ങളിലെ സന്തോഷം മാത്രം ഓർമ്മകളായ് കൂട്ടിരിക്കും. സ്വീകരിക്കാൻ മടിച്ച അമ്മ വീട്ടുകാരും അച്ഛൻ വീട്ടുകാരും ഒരു തീരുമാനത്തിലെത്തി ഒരു മാസം അമ്മാവനൊപ്പമെങ്കിൽ അടുത്തമാസം ഇളയച്ഛന്റെയൊപ്പം കടം കാരണം ഇല്ലാതായ അമ്മയ്ക്കും അച്ഛനും ഒപ്പം അന്ന് വരെ ജീവിച്ചു വളർന്ന വീടും നഷ്ടമായല്ലൊ ഇനി ഇങ്ങനെ ജീവിക്കാതെ വയ്യല്ലോ.. അവർക്കാർക്കും പ്രേത്യേകിച്ചു ദേഷ്യമോ വെറുപ്പോ ഒന്നുമില്ല എന്നാലും ഞാൻ എന്നൊരു വ്യക്തി കൂടി അവിടെ ഉണ്ടെന്ന് മറക്കുന്ന പോലെ തോന്നാറുണ്ട്.ചേർത്തിരുത്തി മുടിയിൽ തലോടി ഉറക്കാനും പനി വരുമ്പോൾ അടുത്തിരിക്കാനും ആരുമില്ലാത്ത കുറവ് വല്ലാതെ ഒറ്റപ്പെടുത്തി കൊണ്ടിരുന്നു.... ഒന്നും നന്നായി ആഘോഷിച്ചിട്ടില്ല ഓണമോ വിഷുവോ വേനലവധിയോ ഒന്നും എല്ലാ ദിവസത്തിനൊടുവിൽ കരയുന്ന കണ്ണുകൾ പുതപ്പിനടിയിലേക്ക് താഴ്ത്തി അമ്മയെം അച്ഛനെയും ഓർക്കും. നന്നായി പഠിക്കാൻ ഒന്നുമായില്ലെങ്കിലും ഒരു ക്ലാസ്സിലും തോൽക്കാതെ ഒരു ഡിഗ്രി നേടി ഒരുപാട് പേരോടുള്ള കടപ്പാട് അതിലുണ്ട്. ഇനിയും ആരെയും ബുദ്ധിമുട്ടിക്കാതെ ചെറിയൊരു ജോലി വാങ്ങി നഗരത്തിലെ ഒരൊറ്റ മുറിയിലേക്ക് ഞാനെന്റെ ലോകം ചുരുക്കി സമ്പാദ്യമൊന്നുമില്ലെങ്കിലും ഇവിടെനിക്ക് സ്വാതന്ത്ര്യമുണ്ട് ചിലപ്പോൾ അമ്മേ എന്ന് വിളിച്ചോണ്ട് വാതിൽ തുറന്നു വരും പാകം ചെയ്തു വെച്ച ഭക്ഷണം എടുത്തു കഴിക്കും ആരോ എനിക്ക് ഉണ്ടാക്കി വെച്ചുവെന്ന് സ്വയം കരുതും.
മുൻപ് അത്രയും പേരുടെ കൂടെ അമ്മാവന്റെ വീട്ടിലും ഇളയച്ഛന്റെ വീട്ടിലും മാറി മാറി നിന്നപ്പോൾ ഉണ്ടായിരുന്ന ഒറ്റപ്പെടലിന്റെ പകുതി എനിക്കീ നഗരത്തിന്റെ ഒറ്റമുറി നൽകുന്നില്ല എന്നത് തന്നെ അത്ഭുതമാണ്.ധൈര്യത്തോടെ കേറി വരാനും വിശപ്പ് മാറിയില്ലെങ്കിൽ കുറച്ചു കൂടെ എടുത്ത് കഴിക്കാനുമൊക്കെ ഇവിടെനിക്ക് കഴിയുന്നുണ്ട്.
ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവരോടുള്ള
ക്രൂരതയാണ്. ഇന്നോളം ചങ്ക് തകരുന്ന ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മരിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നെ ആശ്രയിച്ചോ കാത്തിരിക്കണോ ആരുമില്ലാഞ്ഞിട്ടും അത്രയേറെ എനിക്ക് ഭയമാണ് മരണമെന്ന ശൂന്യതയെ...
കാത്തിരിപ്പ്
ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്...
-
അവളുടെ തലമുടിയിൽ മുഖം അമർത്തി കിടന്നപ്പോൾ അവനിൽ പെയ്ത രാമഴകൾ പ്രണയത്തിന്റേതായിരുന്നില്ല അവളുടെ ചുണ്ടുകളിൽനനവായ് മാറുമ്പോഴും അവനവളെ പ്രണയിച്ച...
-
"വീട്ടിലാരൊക്കെയുണ്ട്" പലപ്പോഴും പകച്ചു പോകുന്ന, പറയാനാരുമില്ലാത്തവരുടെ ഉള്ളിൽ ആയിരം കത്തി കുത്തിയിറക്കുന്ന ചോദ്യം.ആരുമില്ല എന്ന...
-
ഇരുപത് വയസ്സിന്റെ അപക്വമായ മോഹങ്ങളുമായി ഇരുപത്തേഴുകാരന്റെ ജീവിതത്തിലേക്ക് വലതു കാലെടുത്ത് വെച്ചിട്ടിന്നു ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ...